രക്തരൂക്ഷിതമായ ചരിത്രമാണ് മധ്യപൂർവേഷ്യയുടേത്. കൂട്ടക്കൊലകൾക്കും പലായനങ്ങൾക്കും ആ ഭൂപ്രദേശം നിത്യസാക്ഷി. കൂട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലിന്റെ ഭൂപടം. ലോകത്തിനുമുന്നിൽ ചോരയിറ്റുന്ന ആ ദേശത്തിന് അതിസന്പന്നമായ ഭൂതകാലവുമുണ്ട്. ആ മരുദേശത്ത് സമാധാനത്തിന്റെ സൂര്യോദയത്തിനായി അക്ഷീണം യത്നിച്ച ഒരു നായകനുണ്ടായിരുന്നു. ജോർദാൻ ഭരണാധികാരിയായിരുന്ന അബ്ദുള്ള ഒന്നാമൻ രാജാവ്. എന്നാൽ, തീവ്രമതഭ്രാന്തിന്റെ ഇരയായി, അദ്ദേഹം മണ്ണിൽ വീണുപിടഞ്ഞപ്പോൾ, ഇരുൾ പടർന്നത് സമാധാനത്തിന്റെ സൂര്യോദയം കാത്തിരുന്ന മനുഷ്യമനസുകളിലാണ്.
1951 ജൂലൈ 20. ചരിത്രപ്രസിദ്ധമായ ജെറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി എത്തിയതായിരുന്നു ജോർദാന്റെ (അന്ന് ട്രാൻസ്ജോർദാൻ) ഭരണാധികാരിയായ അബ്ദുള്ള ഒന്നാമൻ രാജാവ്. ദേവാലയത്തിൽ പ്രാർഥിക്കുകയായിരുന്ന, ആ 69-കാരനുനേരേ ഒരു യുവാവ് തുടരെത്തുടരെ വെടിയുതിർത്തു. അബ്ദുള്ള രാജാവിന്റെ നെഞ്ചിലേക്കു വെടിയുണ്ട തുളച്ചുകയറി. നിമിഷങ്ങൾക്കുള്ളിൽ രാജാവ് നിലംപൊത്തി.
ചരിത്രത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് അന്നവിടെ അരങ്ങേറിയത്. ആ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ജീവനെടുക്കുക മാത്രമായിരുന്നില്ല, പതിറ്റാണ്ടുകളായി രക്തരൂഷിതമായി തുടരുന്ന അറബ്-ഇസ്രയേൽ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകം പ്രതീക്ഷയോടെ കണ്ടിരുന്ന സമാധാനശ്രമംകൂടിയാണ് പൊലിഞ്ഞത്.
പാലസ്തീൻകാരനായ മുസ്തഫ ഷുക്രി അഷു ആയിരുന്നു ഘാതകൻ. 21 വയസുള്ള ആ തുന്നൽക്കാരനെ രാജാവിന്റെ അംഗരക്ഷകർ സംഭവസ്ഥലത്തുവച്ചുതന്നെ വെടിവച്ചുകൊന്നു. എന്നാൽ, പിന്നീടു നടന്ന അന്വേഷണങ്ങൾ ഞെട്ടിക്കുന്ന ഗൂഢാലോചനകളാണ് പുറത്തുകൊണ്ടുവന്നത്. അബ്ദുള്ള രാജാവിന്റെ വധത്തിനു പിന്നിൽ വലിയ ശക്തികളുടെ കറുത്ത കരങ്ങളുണ്ടായിരുന്നു.
ജെറുസലേമിലെ മുൻ മുഫ്തിയായിരുന്ന അമീൻ അൽ-ഹുസൈനിയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു. ഔപചാരികമായ മതപഠനം നടത്തിയിട്ടില്ലാത്ത, പണ്ഡിതനല്ലാത്ത അൽ-ഹുസൈനി, തീവ്ര അറബ് ദേശീയതയും അന്ധമായ ജൂതവിരുദ്ധതയും പ്രചരിപ്പിക്കുന്നവരിൽ പ്രധാനിയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇയാൾ ബെർലിനിൽ ഉണ്ടായിരുന്നു. അതിക്രൂരനായ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമായും നാസി നേതാക്കളിലെ ഉന്നതന്മാരിലൊരാളായ ഹെൻറിച്ച് ഹിംലറുമായും അൽ ഹുസൈനിക്കു ബന്ധമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമനിയിലെ ഈ കൊടുംക്രൂരൻ, രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റു വിഭാഗക്കാരെയും കൊന്നൊടുക്കിയ ഹോളോകോസ്റ്റ് എന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായിരുന്നു.
യുദ്ധത്തിനുശേഷം, അബ്ദുള്ള രാജാവ് ജെറുസലേമിൽ പുതിയൊരു മുഫ്തിയെ നിയമിച്ചതോടെ അൽ-ഹുസൈനിക്ക് രാജാവിനോടുള്ള ശത്രുത വർധിച്ചു. ഇസ്രയേലുമായി നയതന്ത്രപരമായ സമാധാന ചർച്ചകൾക്കു രാജാവ് തുടക്കമിട്ടതു തങ്ങളുടെ ലക്ഷ്യങ്ങൾക്കു തിരിച്ചടിയാകുമെന്നു മനസിലാക്കിയതോടെയാണ് അൽ ഹുസൈനി രാജാവിനെ വധിക്കാൻ തീരുമാനിക്കുന്നത്.
അറബ് വിപ്ലവം
1882-ൽ മക്കയിലാണ് അബ്ദുള്ള ജനിച്ചത്. മക്കയിലെ ഷരീഫിന്റെ രണ്ടാമത്തെ മകനായ അദ്ദേഹം, പ്രഭുകുടുംബ പശ്ചാത്തലത്തിലാണു വളർന്നത്. കവിതയിലും ഖുറാൻ പഠനത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1908-ൽ കുടുംബത്തോടൊപ്പം കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇസ്താംബുൾ) മാറി.
ഒന്നാം ലോകമഹായുദ്ധത്തിൽ (1914-18) ഒട്ടോമൻ സാമ്രാജ്യം ജർമനി, ഓസ്ട്രിയ, ബൾഗേറിയ കേന്ദ്രശക്തികൾക്കൊപ്പമായിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരേ ബ്രിട്ടന്റെ പിന്തുണയോടെ നടന്ന പ്രശസ്തമായ അറബ് വിപ്ലവത്തിൽ അബ്ദുള്ളയും സഹോദരൻ ഫൈസലും നിർണായക പങ്കു വഹിച്ചു. പാൻ-അറബ് രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. തുടർന്ന്, 1921-ലെ മിഡിൽ ഈസ്റ്റ് കോൺഫറൻസിലൂടെ ബ്രിട്ടൻ അബ്ദുള്ളയെ ട്രാൻസ്ജോർദാൻ അമീർ ആയി അംഗീകരിച്ചു.